ഖിയാമത്ത് നാളിൽ എൻ്റെ ശുപാർശ കൊണ്ട് ഏറ്റവും സൗഭാഗ്യമുണ്ടാവുക 'ലാ ഇലാഹ ഇല്ലല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല) എന്നത് തൻ്റെ ഹൃദയത്തിൽ നിന്ന് -അല്ലെങ്കിൽ മനസ്സിൽ നിന്ന്- നിഷ്കളങ്കമായി പറഞ്ഞവനായിരിക്കും...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- യോട് ചോദിക്കപ്പെട്ടു: "അല്ലാഹുവിൻ്റെ റസൂലേ! ഖിയാമത്ത് നാളിൽ അങ്ങയുടെ ശുപാർശ കൊണ്ട് ഏറ്റവും സൗഭാഗ്യം ലഭിക്കുന്നവർ ആരായിരിക്കും?" നബി -ﷺ- പറഞ്ഞു: "അബൂ ഹുറൈറ! ഈ ഹദീഥിനെ കുറിച്ച് ആദ്യമായി എന്നോട് ചോദിക്കുന്നത് താങ്കൾ തന്നെയായിരിക്കുമെന്ന് ഞാൻ വിചാരിച്ചിരുന്നു. ഹദീഥുകൾ (പഠിക്കാനുള്ള) താങ്കളുടെ താൽപ്പര്യം ഞാൻ കണ്ടതിനാലാണത്. ഖിയാമത്ത് നാളിൽ എൻ്റെ ശുപാർശ കൊണ്ട് ഏറ്റവും സൗഭാഗ്യമുണ്ടാവുക 'ലാ ഇലാഹ ഇല്ലല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല) എന്നത് തൻ്റെ ഹൃദയത്തിൽ നിന്ന് -അല്ലെങ്കിൽ മനസ്സിൽ നിന്ന്- നിഷ്കളങ്കമായി പറഞ്ഞവനായിരിക്കും."
സ്വഹീഹ്
ബുഖാരി ഉദ്ധരിച്ചത്
വിശദീകരണം
ഖിയാമത്ത് നാളിൽ തൻ്റെ ശുപാർശ കൊണ്ട് ഏറ്റവും സൗഭാഗ്യം ലഭിക്കുന്നവർ 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന വാക്ക് തൻ്റെ ഹൃദയത്തിൽ നിന്ന് നിഷ്കളങ്കമായി പറഞ്ഞവനായിരിക്കും എന്ന് നബി -ﷺ- അറിയിക്കുന്നു. അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല എന്ന കാര്യം അല്ലാഹുവിന് പുറമെ ഒരാളിലും പങ്കുചേർക്കാതെയും, മറ്റൊരാളെ കാണിക്കുക എന്ന ഉദ്ദേശ്യമില്ലാതെയും പറഞ്ഞവനാണ് ഈ പ്രതിഫലം ലഭിക്കുക എന്നർത്ഥം.
Hadeeth benefits
നബി -ﷺ- അന്ത്യനാളിൽ ശുപാർശ പറയുന്നതാണ് എന്ന കാര്യം ഈ ഹദീസ് സ്ഥിരപ്പെടുത്തുന്നു. ഈ ശുപാർശ (ശഫാഅത്ത്) തൗഹീദുള്ളവർക്ക് മാത്രമേ ലഭിക്കുകയുള്ളൂ.
തിന്മകൾ പ്രവർത്തിച്ചതിനാൽ നരകത്തിൽ പ്രവേശിക്കപ്പെടേണ്ട തൗഹീദുള്ളവർക്ക് നരകത്തിൽ പ്രവേശിക്കാതെ രക്ഷപ്പെടാനും, നരകത്തിൽ പ്രവേശിക്കപ്പെട്ട തൗഹീദുള്ളവർക്ക് അതിൽ നിന്ന് പുറത്തു വരാനും വേണ്ടി നബി -ﷺ- അല്ലാഹുവിനോട് തേടുന്നതാണ് നബി -ﷺ- യുടെ ശുപാർശ.
അല്ലാഹുവിന് വേണ്ടി മാത്രമായി നിഷ്കളങ്കമായി പറയപ്പെടുന്ന (ലാ ഇലാഹ ഇല്ലല്ലാഹ്) എന്ന തൗഹീദിൻ്റെ വചനത്തിൻ്റെ ശ്രേഷ്ഠതയും, അതിൻ്റെ മഹത്തരമായ സ്വാധീനവും.
തൗഹീദിൻ്റെ വചനമായ ലാ ഇലാഹ ഇല്ലല്ലാഹ് സാക്ഷാത്കരിക്കേണ്ടത് അതിൻ്റെ അർത്ഥം പഠിച്ചു കൊണ്ടും, അതിൻ്റെ തേട്ടം ജീവിതത്തിൽ പ്രാവർത്തികമാക്കി കൊണ്ടുമാണ്.